സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഓഫീസുകളിൽ നിരന്തരം റെയ്ഡ്, എച്ച്ആർഡിഎസ് കേരളം വിടുന്നു

പാലക്കാട്: സ്വപ്ന സുരേഷിന് ജോലി നല്‍കിയ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പ്രതികരിച്ചു. ഓഫീസുകളിൽ നിരന്തരം റെയ്ഡ് നടത്തി ഉപദ്രവിക്കുന്നു. സ്വപ്ന സുരേഷിന് ജോലി നൽകിയത് മുതൽ സർക്കാർ വേട്ടയാടുകയാണ്, എച്ച്ആർഡിഎസിനെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അജി കൃഷ്ണൻ ചോദിച്ചു.

കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ആദിവാസികൾക്കായി അട്ടപ്പാടിയിൽ വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ സർക്കാർ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കുകയും ചെയ്തിരുന്നു.