ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കിയില്ല, മനംനൊന്ത് യുവതി ജീവനൊടുക്കി

ബെംഗളൂരു : ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കാത്തതിനെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. ബെംഗളൂരൂ ഹെന്നൂര്‍ബണ്ടേ ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന നന്ദിനിയെന്ന യുവതിയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഗൗതം നഗരത്തിലെ സലൂണിലെ ജീവനക്കാരനാണ്.

വ്യാഴാഴ്ച രാവിലെ ഗൗതം ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഭാര്യ ഇയാളെ തടഞ്ഞു നിര്‍ത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. തനിക്ക് ചോക്ലേറ്റ് വാങ്ങിനല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെവരാമെന്ന് പറഞ്ഞ് ഭര്‍ത്താവ് തിരിച്ചെത്തിയില്ല, ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോൾ എടുത്തില്ല. പിന്നാലെ രാവിലെ 11.45-ഓടെയാണ് ‘താന്‍ പോകുന്നു’ എന്ന് നന്ദിനി ഭര്‍ത്താവിന് വാട്‌സാപ്പ് സന്ദേശം അയച്ചു.

യുവതിയുടെ സന്ദേശത്തിൽ, വീട്ടില്‍ നേരത്തെ വരണമെന്നും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്നും കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കണമെന്നും പറയുന്നു. ഇതോടെ പരിഭ്രാന്തനായ ഗൗതം ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. വീട്ടിലെത്തി നോക്കിയപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നാണ് യുവാവിന്റെ മൊഴി. യുവതിയുടെ മരണത്തിൽ ഹെന്നൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ആര്‍ക്കെതിരേയും പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ബന്ധുക്കളും ഭര്‍ത്താവിനെതിരേ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് പഠനകാലംതൊട്ട് അടുപ്പത്തിലായിരുന്ന ഇരുവരും ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.