കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ ഒമ്പതുവര്‍ഷം മതിയാവില്ല ; മേയര്‍ക്കെതിരെ ഹൈബി

കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്ബുമായി എറണാകുളം എംപി ഹൈബി ഈഡന്‍. കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ ഒമ്പതുവര്‍ഷം മതിയാവില്ലെന്ന് ഹൈബി പറഞ്ഞു. സൗമിനി തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നാണ് ഹൈബിയുടെ ഒളിയമ്ബ്. ഫാസിസം എസ്എഫ്ഐയിലേ നടക്കുവെന്നും ഹൈബി ഈഡന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപി മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരസഭ ഭരണത്തിന്റെ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ഹൈബി അഭിപ്രായപ്പെട്ടത്. എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനരോഷം പ്രതിഫലിച്ചതുകൊണ്ടാണ്.

പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നഗരസഭ സമ്ബൂര്‍ണ പരാജയമാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണ്. മേയര്‍ തല്‍സ്ഥാനത്ത് തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഇതിന് സൗമിനി ജെയിനിന്റെ മറുപടി. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു.