വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം , കാറിൽ നിന്ന് കണ്ടെത്തിയത് നൂറുകിലോ കഞ്ചാവ്, വീടിനുള്ളില്‍ അരക്കിലോ MDMA

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയില്‍ കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എയും എക്‌സൈസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ പള്ളിത്തുറയില്‍ വീട് വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. വിൽപ്പനയ്ക്കായി നൂറുകിലോ കഞ്ചാവ് കാറില്‍ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് എക്‌സൈസിന്റെ പിടി വീണത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ കാറിൽ നിന്ന് 62 പൊതികളിലായി സൂക്ഷിച്ച നൂറുകിലോ കഞ്ചാവ് കണ്ടെടുത്തു.

വാഹനത്തിൽ നിന്ന് രണ്ടുപേരെയും പിടികൂടി. ഇതിനുപിന്നാലെയാണ് ഇവരുടെ വാടകവീട്ടിനുള്ളിലും പരിശോധന നടത്തിയത്. തുടർന്നാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എ. പിടിച്ചെടുത്തത്. വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.