ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വേസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയ ശേഷമാണ് ലെെസൻസ് സസ്‌പെൻഡ് ചെയ്തത്.

സംഭവത്തിൽ ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി കമ്പനിയിൽ നിന്ന് എഫ്എസ്എസ്എഐ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളുണ്ടാവുക.

യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീമിൽ നിന്നാണ് മുംബയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുക്കാരന് വിരൽ ലഭിച്ചത്. ഗ്രോസറി ആപ്പ് വഴി ആണ് ഇവർ ഓർഡർ ചെയ്‌തത്‌. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും വിരലിന്റെ ഭാഗവും ശേഷിച്ച ഐസ്ക്രീമും തെളിവിനായി കൈമാറുകയും ചെയ്തു.

ഐസ്ക്രീമിൽ നിന്ന് ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഐസ്ക്രീം നിർമ്മിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളികളിൽ ആരു‌ടെയെങ്കിലും മുറിഞ്ഞുപോയ വിരലിന്റെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്.