ഇസ്രയേല്‍ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍

ജറുസലേം. ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കുകയും വൈദ്യുതിയും ഇന്ധന വിതരണവും നിലയ്ക്കുകയും ചെയ്തതോടെ ഗാസ പൂര്‍ണമായും ദുരിതത്തിലായി. രാവിലെ തന്നെ ബേക്കറികളിലും പലചരക്ക് കടകളിലും നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ തുറന്ന കടകള്‍ അടച്ചു.

അതേസമയം ഹമാസ് ബന്ദികളാക്കിയ 150 പേരെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയ്ക്ക് ഒരു തുള്ളി വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസയിലേക്ക് സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഇതിനായി 3.85 ലക്ഷം കരുതല്‍ സേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി.

അതേസമയം ഉപരോധം പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അവശ്യവസ്തുക്കള്‍ക്കും സുരക്ഷിതയിടത്തിനുമായി അലയുന്നവരെ മാത്രമാണ് ഇപ്പോള്‍ ഗാസയില്‍ കാണാന്‍ സാധിക്കുന്നത്.