കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം, പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്

തിരുവനന്തപുരം. കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ച ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ മാനുവല്‍ ഹോള്‍ വഴി 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് മുഴുവനായും കാട് പിടിച്ച് കിടക്കുന്നതിനാല്‍ അരും അങ്ങോട്ട് പോകാറില്ല.

ക്യാമ്പസിലെ തന്നെ ജീവനക്കാരാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാല്‍ മടങ്ങി. വ്യാഴാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗം എത്തിയ ശേഷമായിരിക്കും അസ്ഥികൂടം വെളിയിലെടുക്കുക.