വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു, ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ താമസം ആരംഭിച്ചത് രണ്ട് ദിവസം മുമ്പ്

തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 50കാരനായ രവീന്ദ്രന്‍ ഭാര്യ 45കാരി ഉഷ എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവകം. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് സംശയം.

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്പാണ് കുടുംബം താമസം ആരംഭിച്ചത്. ദമ്പതികളുടെ മകളാണ് വീടിന് തീപിടിച്ചു എന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി മകളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. രവീന്ദ്രനെയും ഉഷയെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.