കോണ്‍ഗ്രസിലേക്ക് എന്ന പ്രയോഗത്തിലെ ‘ലേക്ക്’ ഒഴിവാക്കാമായിരുന്നു; താന്‍ പഴയ കോണ്‍ഗ്രസുകാരനാണെന്ന് ഇടവേള ബാബു

ഇടവേള ബാബു കോണ്‍ഗ്രസിലേക്ക് എന്ന പ്രയോഗത്തിലെ ലേക്ക് എന്ന പദത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന പ്രതികരണവുമായി ഇടവേള ബാബു രംഗത്ത്. താന്‍ പഴയ കോണ്‍ഗ്രസുകാരനാണെന്നും ഇതാദ്യമായി കോണ്‍ഗ്രസിലേക്ക് പോകുന്ന വ്യക്തിയല്ലെന്നും ഇടവേള ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ ഹരിപ്പാട് വച്ചാണ് സിനിമാ താരങ്ങളായ ഇടവേള ബാബുവും രമേഷ് പിഷാരടിയും പരിപാടിയുടെ ഭാഗമായത്.

കോണ്‍ഗ്രസി’ലേക്ക്’ എന്ന പ്രയോഗം ഒഴിവാക്കാമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇടവേള ബാബു പറഞ്ഞത്. പഴയ കോണ്‍ഗ്രസുകാരനാണ്. കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. തങ്ങളില്‍ പലരും കോണ്‍ഗ്രസുകാരെന്നും ഇടവേള ബാബു. കോണ്‍ഗ്രസ് അനുഭാവിയാണെന്നും എറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ഇടവേള ബാബു പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ഇടവേള ബാബു തന്റെ പ്രസംഗം അവസാനിപ്പിച്ചത്.