തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്, ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം, ഇടവേള ബാബു പറയുന്നു

മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ തിയറ്ററില്‍ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയില്‍ താരസംഘടനയ്ക്ക് ആശങ്കയുണ്ട്. തിയറ്റര്‍ ഉടമകള്‍ക്ക് കെഎസ്ഇബി ഫിക്സഡ് ചാര്‍ജില്‍ ഇളവ് നല്‍കണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്. ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ഇടവേള ബാബു പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ മാസം 25 മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 25ന് അടച്ച തിയേറ്ററുകള്‍ ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ തുറക്കുന്നത്. അതേസമയം 50 ശതമാനം സീറ്റില്‍ മാത്രം പ്രവേശനമനുവദിച്ചാല്‍ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് നീട്ടിവെച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഈ മാസം 29നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്.