ഇടുക്കി ഡാം തുറന്നു, 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക്

തൊടുപുഴ: ഇടുക്കി ഡാം രാവിലെ ആറ് മണിയോടെ തുറന്നു. 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. 40 മുകല്‍ 150 സെന്റീമീറ്റര്‍ വരെയാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. പെരിയാറിന്റെയും ചെറുതോണിയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നല്‍കും. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജല വിഭവ മന്ത്രി വ്യക്തമാക്കി.