ഇത്രയും സൗകര്യങ്ങൾ ഉണ്ടെന്നറിഞ്ഞാൽ നിങ്ങളുടെ യാത്രക്കും ഇനി വന്ദേ ഭാരത് മതിയെന്ന് പറയും

തിരുവനന്തപുരം . കേരളം പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ കേരളത്തിലേക്കെത്തിയിരിക്കുകയാണ്. വിമാനത്തിലെന്ന പോലെ യാത്രാസുഖവും സൗകര്യങ്ങളുമുള്ള വന്ദേഭാരത് തിരുവനന്തപുരം – കണ്ണൂർ റൂട്ടിലാണ് സർവീസ് നടത്തുക. മംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെ ന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിൽ ഏറ്റവും തിരക്കേറിയ കണ്ണൂർവരെ വന്ദേഭാരത് ഓടിക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തേതും രാജ്യത്തെ പതിനഞ്ചാമത്തേതുമായ വന്ദേഭാരതാണ് തിരുവനന്തപുരത്ത് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്നത്. സംസ്ഥാനം ഒരുരൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകൾ വകേരളം മണ്ണിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ വളവുകളുള്ള ട്രാക്കിലൂടെ പരമാവധി വേഗത്തിലുള്ള സർവീസാണ് വന്ദേഭാരതിനുണ്ടാവുക.

തിരുവനന്തപുരം – കണ്ണൂർ 501കിലോമീറ്റർ ദൂരം ഏഴരമണിക്കൂറിൽ താഴെ സമയം കൊണ്ട് ട്രെയിൻ ഓടിയെത്തും. തിരുവനന്തപുരത്തു നിന്ന് രാവിലെ അഞ്ചിന് മുൻപ് പുറപ്പെട്ട് രാത്രിയോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന തരത്തിലുള്ള ടൈംടേബിളിന് ഉടൻ അന്തിമരൂപമാവുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ട്രെനിനു സ്റ്റോപ്പുണ്ടാവും. 16 കോച്ചുള്ള, പൂർണമായി ശീതീകരിച്ച ട്രെയിനാണ് കേരള വന്ദേഭാരത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ നൂറ് നൂറു മേനിയായിരിക്കും ഇത്. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ട്രയിനിലെ ചില്ലുജനാലകളുടെ ക്രമീകരണം.

എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളതാണ്. ട്രെയിൻ പാളം തെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം സുരക്ഷയിലും വിട്ടുവീഴ്ചില്ല. എല്ലാ കോച്ചുകളും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. 16 കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്.

180 കിലോമീറ്റർ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരതെങ്കിലും കേരളത്തിലെ വളവുള്ള ട്രാക്കുകളിൽ അതിവേഗം കൈവരിക്കാനാവില്ല. നിലവിൽ എറണാകുളം – ഷൊർണൂർ 80കി.മി, ഷൊർണൂർ-മംഗലാപുരം 110കി.മിയാണ് ശരാശരി വേഗത. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ അതെ വേഗതയിലാവും കേരളത്തിലും വന്ദേഭാരത് ട്രെയിനുകളോടുക. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തി വിടും. തിരുവനന്തപുരം-കാസർകോട് പാതയിൽ 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമാന് ഇപ്പോൾ നിലവിൽ ഉള്ളത്.

ഇപ്പോഴുള്ള പാതയുടെ 36ശതമാനവും വളവുകളാണ്. കേരളത്തിലെ റെയിൽവേ ലൈനുകളിലെ വളവുകൾ നിവർത്തുന്ന ‘റെയിൽ ബൈപ്പാസ് ‘ പദ്ധതി റെയിൽവേ നടപ്പാക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ട്രെയിൻ വേഗത വർധിപ്പിക്കാൻ കഴിയും. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതിയാണ് റെയിൽ ബൈപാസ്. വളവുകൾ കഴിയുന്നത്ര നിവർത്തുകയും ട്രാക്കുകൾ ബലപ്പെടുത്തുകയും ചെയ്യും. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ കൊണ്ട് വരും.

വേഗത 130കിലോമീറ്ററാക്കാൻ മംഗളുരു- തിരുവനന്തപുരം ട്രാക്ക് പുതുക്കിപ്പണിയാനും ടെൻഡറായിക്കഴിഞ്ഞു. ഇക്കാര്യത്തിലെല്ലാം ദീർഘ വീക്ഷണത്തോടെയുള്ള നടപടികളാണ് നടന്നു വരുന്നത്. ട്രാക്ക് പുതുക്കൽ, വളവുകൾ നിവർത്തൽ, സിഗ്നൽ സംവിധാനങ്ങളുടെ നവീകരണം എന്നിവയിലൂടെയാണ് ട്രെയിനിന്റെ വേഗം കൂട്ടുന്നത്. സാധാരണ ട്രെയിനുകളിലേതുപോലെ വന്ദേഭാരതിൽ എൻജിൻ കോച്ചില്ല. പകരം ഒന്നിടവിട്ടുള്ള കോച്ചുകൾക്കടിയിൽ 250കിലോവാട്ട് ശേഷിയുള്ള നാല് ട്രാക്ഷൻ മോട്ടോറുകളാണുള്ളത്. മെട്രോയിലുള്ള ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന് സമാനമായ പ്രവർത്തനമാണ് ഇത് നിർവഹിക്കുക. ഇതിലൂടെ വേഗം കൈവരിക്കാനും നിറുത്താനും എളുപ്പമായതിനാൽ യാത്രയ്ക്ക് 10ശതമാനം സമയം കുറയും. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയ നഷ്ടവും ഉണ്ടാവില്ല.

വന്ദേ ഭാരത്തിൽ യാത്ര സുഖകരം, സുരക്ഷിതവുമായിരിക്കും. കൂട്ടിയിടി ഒഴിവാക്കാൻ ‘കവച് ‘സംവിധാനം ഇതിനുണ്ട്. പാളംതെറ്റാതിരിക്കാൻ ആന്റിസ്‌കിഡ്, 52 സെക്കൻഡിൽ 100കി.മീ. വേഗത, എല്ലാ കോച്ചിലും 32ഇഞ്ച് സ്ക്രീൻ, പരിധിയില്ലാതെ വൈ-ഫൈ, പരിസ്ഥിതിസൗഹൃദ ശീതീകരണം, സൈഡ് റിക്ലൈനർ സീറ്റ്, 180ഡിഗ്രി തിരിയുന്ന സീറ്റ്, അണുനാശത്തിന് അൾട്രാവയലറ്റ് സംവിധാനം, കോച്ചുകളിൽ സി.സി.ടി.വി പൊട്ടിത്തെറിയെ ചെറുക്കുന്ന കോച്ചുകൾ, മൊബൈൽ-ലാപ്‌ടോപ് ചാർജിംഗ് സോക്കറ്റുകൾ, വിമാന മാതൃകയിൽ ബയോ വാക്വം ടോയ്‌ലറ്റ്
ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ എന്നിവ വന്ദേ ഭാരത്തിന്റെ പ്രത്യേകതകളാണ്.