കേരള രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി നാല് ജില്ലകളില്‍; ഫെബ്രുവരിയില്‍ തിരി തെളിയും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്‌എഫ്കെ) നടത്തിപ്പില്‍ കാതലായ മാറ്റം വരുത്തി സംഘാടകര്‍. തിരുവനന്തപുരം മാത്രം വേദിയായിരുന്ന മേള നാല് ജില്ലകളിലായ് നാല് ഘട്ടങ്ങളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും മേള. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. മേളക്കായി തിയേറ്ററുകള്‍ തുറക്കുമെങ്കിലും സിനിമാശാലകളുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം കോവിഡ് വ്യാപന തോത് നോക്കിയ ശേഷം മാത്രമേ തീരുമാനിക്കൂ.

തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച്‌ 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഈ വര്‍ഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വര്‍ഷം മുതല്‍ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആള്‍ക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.

ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമെ പങ്കെടുപ്പിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല.
മീറ്റ് ദി ഡയറക്ടര്‍, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴിയായിരിക്കും.

അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റിവ്, ഹോമേജ് തുടങ്ങി എല്ലാ വിഭാഗങ്ങളും മേളയില്‍ ഉണ്ടായിരിക്കും. എല്ലാ മേഖലയിലും എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദര്‍ശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദര്‍ശനങ്ങള്‍ വീതവും ആയിരിക്കും ഉണ്ടാവുക. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ 750 ആയും, വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നത് 400 രൂപയും കുറച്ചു.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്ബര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. തെര്‍മല്‍ സ്കാനിംഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളില്‍ സീറ്റ് നല്‍കുകയുള്ളൂ. ഓരോ പ്രദര്‍ശനം കഴിയുമ്ബോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യും.

പാസ് വാങ്ങുന്നതിനു മുമ്ബ് ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സര്‍ട്ടിഫിക്കറ്റ് മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത് എത്തിക്കുന്നവര്‍ക്കെ പാസ് അനുവദിക്കുകയുള്ളു.