ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍

ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യദാര്‍ഢ്യ പ്രകടനം.

കര്‍ണാടകയില്‍ നിലവില്‍ വന്ന നിയമം ആയതിനാല്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതരുതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതിയില്‍ വിധിയില്‍ വലിയ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വധഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിശാല ബെഞ്ച് ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.

സ്‌കൂള്‍, കോളജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞത്. ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തൗഹീദ് ജമാഅത്ത് സംഘടനയുടെ 2 ഭാരവാഹികളെ തമിഴ്‌നാട്ടില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. തിരുനെല്‍വേലിയില്‍ കോവൈ റഹ്മത്തുല്ലയും തഞ്ചാവൂരില്‍ ജമാല്‍ മുഹമ്മദ് ഉസ്മാനിയുമാണ് അറസ്റ്റിലായത്. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ കോവൈ റഹ്മത്തുല്ലയ്‌ക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു.