തന്റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: തന്റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . അവിശ്വാസപ്രമേയത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവൻ അപകടത്തിലാണെന്നും വിശ്വസനീയമായ ഇടത്തുനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഭയക്കുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂട്ടിച്ചേ‍ർത്തു.

ഞായറാഴ്ചയാണ് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം നടക്കുന്നത്. സൈന്യം മൂന്ന് അവസരങ്ങളാണ് തനിക്ക് തന്നിരിക്കുന്നത്. ഒന്ന്, അവിശ്വാസ വോട്ട്, നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്റെ ജീവൻ അപകടത്തിലാണെന്ന് മാത്രമല്ല, വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷം തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ ജീവനും അപകടത്തിലാണെന്ന് ഞാൻ എന്റെ രാജ്യത്തെ അറിയിക്കട്ടെ, എന്റെ സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. എന്റെ മാത്രമല്ല, എന്റെ ഭാര്യയുടേത് കൂടി,” 69 കാരനായ ഇമ്രാൻ ഖാൻ വ്യക്തമാക്കി. പ്രതിപക്ഷം തനിക്ക് എന്ത് ഓപ്ഷനുകളാണ് നൽകിയതെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോട് സംസാരിക്കണമെന്ന് താൻ കരുതുന്നില്ലെന്ന് ഖാൻ പറഞ്ഞു.