നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസംനവകേരള സദസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു.

ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ച പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്ത് കാസര്‍കോട് സ്വദേശിയായ ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയെ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം കാലിക്കറ്റ് വിസി മലപ്പുറം ജില്ലയിലെ നവകേരള സദസ് വിജയിപ്പിക്കുന്നതിന് അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പ്രത്യേക യോഗങ്ങള്‍ വിളിച്ചു.