ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ, എതിരാളിയെ ഇന്നറിയാം

മുംബൈ: ന്യൂസീലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി ലോകകപ്പിലെ നാലാം ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യത്തിലേക്ക് പതറാതെ ബാറ്റെടുത്ത കിവീസിന് വെല്ലുവിളിയായത് മുഹമ്മദ് ഷമിയായിരുന്നു. സെമിയിൽ ഏഴ് വിക്കറ്റുകളുമായി പടനയിച്ച ഷമിയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയിൽ ഓസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ഉച്ചക്ക് രണ്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. തുല്യ ശക്തികളുടെ പോരാട്ടമാണ് ഇഡൻഗർഡൻസിൽ പ്രതീക്ഷിക്കുന്നത്. റൗണ്ട് റോബിനിൽ 14 പോയന്റുമായി രണ്ടും മൂന്നും സ്ഥാനത്തായാണ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും സെമിയിലെത്തുന്നത്. ഇതുവരെ ലോകകപ്പ് ഫൈനലിലെത്താത്ത ദക്ഷിണാഫ്രിക്ക ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടത്തിൽ ഒസീസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.

ഇന്നലെ വാങ്കഡെയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 397 റൺസാണ് അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഹിമാലയൻ ടോട്ടൽ സ്വന്തമാക്കിയത്. 80 റൺസെടുത്ത് ശുഭ്മാൻ ഗില്ലും തിളങ്ങി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 റൺസിന് ന്യൂസിലൻഡ് ഓൾഔട്ടായി. 9.5 ഓവറിൽ 57റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്. ഈ ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പിൽ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി. മറുപടി ബാറ്റിങ്ങിൽ ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിപ്പോരാട്ടം കിവീസിന് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 30 റൺസെടുക്കുന്നതിനിടെ ഓപ്പണർ ഡെവോൺ കോൺവെയെ കിവീസിന് നഷ്ടമായി. 15 പന്തിൽ നിന്ന് 13 റൺസെടുത്ത താരത്തെ പുറത്താക്കി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് 22 പന്തിൽ നിന്ന് 13 റൺസ് നേടിയ രചിൻ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി. സ്‌കോർ 39 ൽ നിൽക്കെ ന്യൂസിലൻഡിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായി.

എന്നാൽ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും ചേർന്ന് തുടക്കത്തിലെ തകർച്ചയിൽ നിന്ന് ന്യൂസിലൻഡിനെ കരകയറ്റി. ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. എന്നാൽ 73 പന്തിൽ നിന്ന് 69 റൺസെടുത്ത് കെയ്ൻ വില്ല്യംസൺ പുറത്തായി. പിന്നീടെത്തിയ ടോം ലഥാം അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി ഷമി കരുത്തുകാട്ടി.

അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചൽ 75 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യ വീണ്ടും വിറച്ചു. എന്നാൽ 43-ാം ഓവറിൽ ഫിലിപ്‌സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. അർധസെഞ്ച്വറിയ്ക്ക് വെറും ഒൻപത് റൺസിന് അകലെയാണ് ​ഗ്ലെൻ ഫിലിപ്സിന് മടങ്ങേണ്ടിവന്നത്. പിന്നാലെ മാർക്ക് ചാപ്മാനെ (2) മടക്കി കുൽദീപും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി.