കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന

ന്യൂഡല്‍ഹി. കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായ ഇറാനിയന്‍ കപ്പലിലെ നാവികരെ രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. സൊമാലിയയുടെ കിഴക്കന്‍ തീരത്തിന് സമീപത്തുവെന്നാണ് കപ്പലിന് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഉണ്ടായത്. എഫ് വി ഒമാറി എന്ന മത്സ്യബന്ധന കപ്പലിന് നേരെയായിരുന്നു കടല്‍ക്കൊള്ളക്കാരുടെ ആക്രമണം.

കപ്പലില്‍ പാക്, ഇറാനിയന്‍ പൗരന്മാരാണ് ഉണ്ടായിരുന്നത്. കപ്പലിലേക്ക ഏഴ് കടല്‍ക്കൊള്ളക്കാരാണ് കയറിയത്. തുടര്‍ന്ന് ഇവര്‍ കപ്പലില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി. തുടര്‍ന്ന കപ്പല്‍ റാഞ്ചതിയതായി വിവരം ലഭിച്ചതോടെ ഐഎന്‍എസ് ശാരദ മേഖലയിലേക്ക് എത്തുകയായിരുന്നു. അതിവേഗത്തില്‍ പ്രദേശത്തെത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു.

ജനുവരി 31നാണ് കൊള്ളക്കാര്‍ കപ്പലില്‍ കയറിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഐഎന്‍എസ് ശാരദ രക്ഷാപ്രവര്‍ത്തനം നടത്തി. അതിക്രമിച്ച് കയറിയ കൊള്ളക്കാരെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തുരത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും കപ്പല്‍ സുരക്ഷിതമാക്കുകയുമായിരുന്നു. കപ്പലില്‍ 11 ഇറാനിയന്‍ പൗരന്മാരും എട്ട് പാകിസ്താനികളുമാണ് ഉണ്ടായിരുന്നത്.