കോവിഡ് കാലത്ത് ഇന്ത്യയുടെ മരുന്ന് വിതരണം ലോകത്ത് വലിയ ചലനം ഉണ്ടാക്കി- യുഎന്‍ സെക്രട്ടറി ജനറല്‍

മുംബൈ. കോവിഡിനെ നേരിടാന്‍ ഇന്ത്യ കാണിച്ച കരുതലിനെ അഭിനന്ദിച്ച് ഐകൃരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ഇന്ത്യയുടെ മരുന്ന് വിതരണം ആഗോളതലത്തില്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യ എന്നും പ്രതിസന്ധിഘട്ടത്തിലെ മികച്ച പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ അദ്ദേഹം മുംബൈ ഐഐടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു.

ഇന്ത്യ നല്‍കിയ മരുന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമായത്. മരുന്നുകള്‍ക്കൊപ്പം ജീവന്‍ രക്ഷാ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. മികച്ച ഡോക്ടര്‍മാരുടേയും വൈദ്യശാസ്ത്ര വിദഗ്ധരുടെയും സേവനം ലഭിച്ചു. ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ ലോകത്തിന് വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വാണിജ്യ കാര്യത്തിലെ ഇന്ത്യയുടെ സമയോചിത ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യങ്ങളെ ഇന്ത്യ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. അഫ്ഗാനും ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കുന്ന സഹായത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യ ഇരുരാജ്യങ്ങള്‍ക്കും നല്‍കുന്ന സഹായം അനുകരണീയമാണെന്നും ഗുട്ടാറസ് ചൂണ്ടിക്കാട്ടി. യുഎന്‍ മുന്നോട്ട് വെച്ച തെക്കന്‍ മേഖല സഹകരണ പദ്ധതി നടപ്പാക്കിയ ഏക രാജ്യം ഇന്ത്യയാണ്. യുഎന്നിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും ഇന്ത്യ മുന്നിലാണ്.