പൃഥ്വിരാജും താനും വ്യത്യസ്ത യാത്രകളിലാണ്, ആരാണ് മികച്ച കലാകാരന്‍ എന്ന് പറയേണ്ടത് പ്രേക്ഷകര്‍, ഇന്ദ്രജിത്ത് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരുടെയും സിനിമ അരങ്ങേറ്റം കാണാന്‍ അച്ഛന്‍ സുകുമാരന് സാധിച്ചിരുന്നില്ല. 1997 ജൂണ്‍ 16ന് ദേഹാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ന് മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നടന്‍ എന്നതിലുപരി സംവിധായകനായും നിര്‍മ്മാതാവായും പൃഥ്വി തിളങ്ങുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഇന്ദ്രജിത്തും കരിയറില്‍ ഉയരത്തില്‍ തന്നെയാണ്.

വിദ്യാഭ്യാസം ഒക്കെ പൂര്‍ത്തിയാക്കി ഇരുവരും 2002ല്‍ ആണ് സിനിമ രംഗത്തേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ആദ്യ സിനിമ നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി ആയിരുന്നു. ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ജയസൂര്യ ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം. സിനിമ പശ്ചാത്തലം ഉണ്ടായിട്ടും അവയെയൊന്നും പിന്തുണയ്ക്ക് കൂട്ടാതെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഇരുവരും മലയാള സിനിമയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് വന്നത്. ഇപ്പോള്‍ തന്റേയും പൃഥ്വിയുടേയും സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ എങ്ങനെയെല്ലാമാണ് വ്യത്യസ്തമാകുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജും താനും വ്യത്യസ്ത യാത്രകളിലാണെന്നും ആരാണ് മികച്ച കലാകാരന്‍ എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഇന്ദ്രജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ എന്റേയും പൃഥ്വിയുടേയും യാത്രകള്‍ വ്യത്യസ്തമാണ്. ഓരോ നടന്റേയും യാത്ര വ്യത്യസ്ഥമാണ്. അവനവ് വിധിച്ചിട്ടുള്ളത് അവനവനെ തേടിയെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കോമ്പറ്റീഷന്‍ ഇല്ല. എന്റെ യാത്രകള്‍ വ്യത്യസ്തമാണ്. പൃഥ്വി ഇന്ന് ഒരുപാട് സിനിമകള്‍ ചെയ്ത്, സംവിധാനം ചെയ്ത് സ്റ്റര്‍ ആയി നില്‍ക്കുകയാണ് അതാണ് പൃഥ്വിയുടെ യാത്ര. എന്റെ യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു നടന്‍ എന്ന രീതിയില്‍ എനിക്ക് അറിയപ്പെടാനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാനും എനിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം തുടര്‍ന്നുകൊണ്ടേയിരിക്കണം. അഭിനയത്തില്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അത് പഠിക്കാനും എനിക്ക് താല്‍പര്യമാണ്’.