പിഎസ്‌സി കോഴ വാങ്ങാൻ നിയോഗിക്കപ്പെട്ടത് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ അഞ്ച് മുതിർന്ന നേതാക്കൾ’; വെളിപ്പെടുത്തലുകളുമായി ഇ. സി മുഹമ്മദ്

പിഎസ്‌സി കോഴ വാങ്ങാൻ നിയോഗിക്കപ്പെട്ടത് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ അഞ്ച് മുതിർന്ന നേതാക്കളാണെന്ന ഗുരുതര ആരോപണവുമായി ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ. സി മുഹമ്മദ് രംഗത്ത്. സെക്രട്ടേറിയറ്റിന് അകത്ത് കോഴ നിർദേശം മുന്നോട്ടുവച്ചപ്പോൾ ആരും എതിർത്തില്ല. ആരോപണങ്ങളുടെ പേരിലുള്ള നടപടി പ്രതീക്ഷിച്ചതാണെന്നും ഇ. സി മുഹമ്മദ് പറഞ്ഞു.

താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം കോഴയ്ക്കായി അഞ്ച് പേരെയാണ് ചുമതലപ്പെടുത്തിയതെന്നു കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, മറ്റ് രണ്ട് ഭാരവാഹികൾ എന്നിവരെയാണ് ചുമതലപ്പെടുത്തിയതെന്ന് ഇ. സി മുഹമ്മദ് പറഞ്ഞു.

നേരത്തെ ഐഎൻഎൽ വിഭാഗീയതയ്ക്കിടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഇ. സി മുഹമ്മദ് രംഗത്തെത്തിയിരുന്നു. അബ്ദുൾ സമദിന് പിഎസ്‌സി മെമ്പർ പദവി നൽകിയത് നാൽപത് ലക്ഷം രൂപ കോഴവാങ്ങിയാണെന്നായിരുന്നു ആരോപണം. ഇത് വിവാദമായതോടെ ഇ. സി മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.