രാജ്യാന്തര വിമാന സർവീസിനുണ്ടായിരുന്ന നിയന്ത്രണം ഒഴിവായി

ഡൽഹി ‌∙ കോവിഡ് മൂലം രാജ്യാന്തര വിമാന സർവീസിനുണ്ടായിരുന്ന നിയന്ത്രണം ഒഴിവായി. ഇന്നു മുതൽ സർവീസുകൾ പുനരാരംഭിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സർവീസുകൾ എത്തുന്നതോടെ വ്യോമഗതാഗതം കോവിഡിനു മുൻപുള്ള സ്ഥിതിയിലാകും.

കോവിഡിനു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നായി പ്രതിവാരം 4700 സർവീസുകളുണ്ടായിരുന്നു. കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളുമായുള്ള കരാർ പ്രകാരം പ്രതിവാരം 2000ത്തോളം സർവീസ് മാത്രമായി. ഇതു ടിക്കറ്റ് നിരക്ക് കൂടാൻ ഇടയാക്കിയിരുന്നു. രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തൽ.

രാജ്യാന്തര വിമാനയാത്രയ്ക്കും വിമാനത്താവങ്ങൾക്കുമുള്ള കോവിഡ് മാർഗരേഖയിലും കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തി. ഇതുപ്രകാരം, സാമൂഹിക അകലം ഉറപ്പാക്കാൻ സീറ്റുകൾ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിൻ ക്രൂ വ്യക്തിസുരക്ഷ സംവിധാനം ഉറപ്പാക്കിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാർക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. അതേസമയം, വിമാനത്താവളത്തിലും വിമാനത്തിലും മാസ്ക് ധരിക്കുന്നതു തുടരണം.