അതിജീവിതയ്ക്ക് നേരിട്ട ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണം; വിഡി സതീശൻ

അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാതെയാണ് കേടതിയിലേക്ക് പോകുന്നതെന്നതെന്നും സി.പി.എം നേതാക്കള്‍ ഇടനിലക്കാരായെന്നുമാണ് ആരോപണം. ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയുമായാണ് നടി കോടതിയെ സമീപിച്ചത്. തെളിവ് സഹിതം സി.പി.എം നേതാവായ ഇടനിലക്കാന്റെ പേര് യു.ഡി.എഫ് പുറത്ത് വിടുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെക്കാലമായി സര്‍ക്കാര്‍ നടത്തുന്നത്. ഇടനിലക്കാര്‍ ആകുകയെന്നതാണ് സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ പണി.

കേസ് തേയ്ച്ചുമാച്ച് കളയാന്‍ അനുവദിക്കില്ല. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനിയുടെ കാര്യത്തിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലൊക്കെ സ്ത്രീവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.