ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ അഞ്ഞൂറോളം ഹമാസ് ഭീകരർക്ക് പരിശീലനം നല്കിയത് ഇറാൻ

ടെൽ അവീവ്. ഇസ്രായേലിനെതിരെ നിരന്തരമായി ആക്രമണം നടത്താൻ പാലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി നിരവധി പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് റിപ്പോർട്ട്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ആണ് പരിശീലനം ലഭിച്ചത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് ആണ് പരിശീലകർ എന്ന് സൂചന.

ഇന്റലിജൻസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് മുന്നോടിയായി പാലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്നാണ് വിവരം. കഴിഞ്ഞ മാസം ഇറാനിൽ വച്ച് പ്രത്യേക പരിശീലനം ലഭിച്ചുവെന്നാണ് സ്വകാര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗാസയിൽ സൈനിക ടാങ്കുകൾ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. സൈന്യം വടക്കൻ ഗാസയിൽ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈൽ ലോഞ്ച് പോസ്റ്റുകളും തകർത്തതായും ഐഡിഎഫ് അറിയിച്ചു.