കാബൂളിലെ ഖലീഫ സാഹിബ് പള‌ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

കാബൂൾ: റംസാൻ മാസത്തിലെ അവസാന വെള‌ളിയാഴ്‌ച കാബൂളിലെ ഖലീഫ സാഹിബ് പള‌ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഐസിസ് സ്ഥിരീകരിച്ചത്.

കാബൂളിൽ സെക്‌ടർ 6ൽ ഒരു ബസിൽ ബോംബ് വച്ചതായി സന്ദേശത്തിലുണ്ട്. പ്രദേശത്തെ ന്യൂനപക്ഷ വിഭാഗമായ സൂഫി വിഭാഗത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സൂചനയുണ്ട്. പത്തുപേരാണ് പള‌ളിയിൽ സ്‌ഫോടനത്തിൽ മരിച്ചത്. വെള‌ളിയാഴ്‌ച പ്രാർത്ഥനകൾക്കിടയിലായിരുന്നു സ്‌ഫോടനം.

മുപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. സ്‌ഫോടനത്തിൽ പള‌ളിയുടെ മച്ച് പൂർണമായും തകർന്നുപോയി. ഈ ഭാഗം വീണും കുറച്ചുപേർക്ക് പരിക്കേറ്റു. ഐക്യരാഷ്‌ട്രസഭ സ്‌ഫോടനത്തെ ശക്തിയായി അപലപിച്ചു. പുണ്യ റംസാൻ മാസത്തിലുണ്ടായ സ്‌ഫോടനം ആക്രമണം നേരിടുന്ന അഫ്ഗാൻ ജനതയ്‌ക്കേറ്റ കടുത്ത അടിയാണെന്നാണ് ഐക്യരാഷ്‌ട്ര സഭ പ്രതികരിച്ചത്.