ഹമാസ് ഭീകരർ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടു, യുദ്ധാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ

ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തൊട്ടടുത്തുള്ള ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കണമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.

അപായ സൈറണുകൾ സൈന്യം മുഴക്കിയിട്ടുണ്ട്. ഗാസയിൽ നിന്ന് നിരവധി ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങൾക്കികം എത്തിയത് ആയിരത്തോളം റോക്കറ്റുകൾ. ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ നഗരങ്ങളിൽ സൈറൺ മുഴങ്ങി. ചില റോക്കറ്റുകൾ കെട്ടിടങ്ങളിൽ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.

ആഴ്ചകളായി തുടരുന്ന ഗസാ അതിർത്തിയിലെ പ്രതിഷേധം യുദ്ധത്തിലേക്ക് വഴി മാറുകയാണ്. ഗസയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രായേൽ സൈന്യം അതിർത്തിയിൽ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേൽ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതൽ ഗസയിൽ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

15 വർഷത്തിലധികമായി ഇസ്രായേൽ ഉപരോധത്തിലാണ് പലസ്തീൻ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവർ ജോലി ആവശ്യാർഥം അതിർത്തി കടക്കാൻ ശ്രമിച്ചതിനെ സെപ്തംബറിൽ ഇസ്രായേൽ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാൻ ഖത്തർ ഇടപെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം 4 പലസ്തൻകാരെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെയാണ്‌ ആക്രമണം തുടങ്ങിയത്.

അതിരാവിലെ തുടങ്ങിയ റോക്കറ്റാക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയും ഇസ്രായേലിനെതിരെ പതിവായി ആക്രമണം നടത്താറുണ്ട്. ശക്തമായ തിരിച്ചടിക്ക് ഇസ്രായേൽ ഒരുങ്ങുന്നുവെന്നാണ് വാർത്ത. ഹമാസ് പ്രവർത്തകർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് ഇസ്രായേൽ പറയുന്നത്. രണ്ട് മണിക്കൂറിനിടെ ആയിരത്തോളം റോക്കറ്റുകൾ എത്തി എന്നും അവർ പറയുന്നു. ഞൊടിയിടയിൽ ഇത്രയും ശക്തമായ ആക്രമണം നടന്നത് ഇസ്രായേൽ അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ മിസൈൽ പ്രതിരോധ കവചം ഇസ്രായേൽ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് റോക്കറ്റുകൾ ഇസ്രായേൽ നഗരങ്ങളിലെത്തിയത്.

മാസങ്ങൾക്ക് ശേഷം ഇസ്രായേൽ-പലസ്തീൻ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ശക്തമായ പോരിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാരാഗ്ലൈഡേഴ്‌സിനെയും ആക്രമണത്തിന് ഉപയോഗിക്കുന്നു എന്നാണ് വിവരം. ഗസയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്.ഗസയിലെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ബോംബ് ഷെൽട്ടറുകളിൽ കയറണം എന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേലിൽ റോക്കറ്റ് പതിച്ച് ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. 70കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ 20 വയസുകാരനും പരിക്കുപറ്റി. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചർച്ചകൾ സൗദി അറേബ്യ നിർത്തിവച്ചേക്കും.

ഗാസയുടെ റോക്കറ്റ് ആക്രമണത്തെ തുടർന്ന് മദ്ധ്യ ഇസ്രായേലിലെ കെട്ടിടം തകർന്നിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. 20-കാരനായ യുവാവിന് ആക്രമണത്തിൽ പരിക്കേറ്റു. ഗാസയുടെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാമേധാവികളുമായി യോഗം ചേർന്നിരുന്നു.
ശനിയാഴ്ച പുലർച്ചെ ഓപ്പറേഷൻ ‘അൽ-അഖ്സ സ്റ്റോം’ എന്ന പേരിലാണ് ഹമാസ് ഭീകരർ ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഗാസയിൽ നിന്നും അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് മേധാവി മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവന നടത്തിയിരുന്നു.