വിവാദത്തിന് പിന്നാലെ ആത്മകഥ പിന്‍വലിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം. ആത്മകഥ തല്‍ക്കാലം പിന്‍വലിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെതിരായ പരാമര്‍ശം വിവാദമായതോടെയാണ് ആത്മകഥ പിന്‍വലിച്ചത്. വിവാദം ഒഴിവാക്കാന്‍ ആത്മകഥയുടെ കോപ്പികള്‍ പിന്‍വലിക്കണമെന്ന് പ്രസാധകരോട് എസ് സോമനാഥ് നിര്‍ദേശിച്ചു.

ആത്മകഥയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് എസ് സോമനാഥിന്റെ തീരുമാനം. അദ്ദേഹത്തിന്റെ നിലാവു കുടിച്ച സിംഹങ്ങള്‍ എന്ന ആത്മകഥയാണ് പിന്‍വലിക്കുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമിച്ചുവെന്ന ആത്മകഥയിലെ പരാമര്‍ശമാണ് വിവാദമായത്.

ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തിന് കാരണം വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ നടത്തിയ വിക്ഷേപണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018ല്‍ എഎസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറിയപ്പോള്‍ 60 വയസ്സുകഴിഞ്ഞ എക്‌സ്റ്റന്‍ഷനില്‍ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും ഉണ്ടായിരുന്നു.

എന്നാല്‍ ശിവന് നറുക്ക് വീഴുകയായിരുന്നു. പിന്നീടും ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട സ്ഥാനം നേരില്‍ കണ്ട് ചോദിച്ചപ്പോള്‍ ശിവന്‍ മറുപടി പറഞ്ഞില്ലെന്നും എസ് സോമനാഥ് പറയുന്നു. ഒടുവില്‍ മുന്‍ വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ ഡോ. ബിഎന്‍ സുരേഷ് ഇടപെട്ടതോടെ ആറ് മാസത്തിന് ശേഷം തനിക്ക് ഡയറക്ടര്‍ നിയമനം ലഭിച്ചുവെന്നും സോമനാഥ് ആത്മകഥയില്‍ പറഞ്ഞിരുന്നു.