തിരുവല്ല പുളിക്കീഴിൽ കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു, മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കിട്ടിയ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലാണ് മൃതദേഹം. അരയില്‍ കറുത്ത ചരടുമുണ്ടായിരുന്നു. മൃതദേഹം കിടന്നതിന്റെ സമീപത്ത് ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി ഉപേക്ഷിച്ചതാണോ എന്ന സംശയവുമുണ്ട്

മൃതദേഹത്തിലെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ട് കമഴ്ന്ന് കിടക്കുന്ന തരത്തിലാണ് കണ്ടെത്തിയത്. ചാക്കിൽ നിന്നും നായ കടിച്ച് പുറത്ത് എത്തിച്ചതാകാം എന്ന സംശയവും പോലീസ് പറയുന്നുണ്ട്.

സമീപത്തെ കടയിലെ ജീവനക്കാരന്‍ ദീപുവാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്. ദുർ​ഗന്ധം വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മാലിന്യത്തിനിടയിൽ നിന്നും കൈപ്പത്തി പൊങ്ങിനില്‍ക്കുന്നതായി ശ്രദ്ധിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച കൂടുതല്‍ ശാസ്ത്രീയപരിശോധന നടത്തും.