കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കുവാന്‍ സാധ്യത. ശനിയാഴ്ച വിദേശത്ത് നിന്നു തിരിച്ചെത്തുന്ന രാഹുല്‍ ഗാന്ധിയുമായി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. സോണിയ ഗാന്ധിക്ക് പകരം പുതിയ ഒരാളെ കണ്ടെത്തി പ്രതിസന്ധി മറികടക്കുവാന്‍ നേതൃത്വത്തിന് കഴിയാതെ വന്നതോടെയാണ് രാഹുല്‍ ഗാന്ധിയിലേക്ക് തന്നെ ചര്‍ച്ചകള്‍ എത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്തിനെ എത്തിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും. അദ്ദേഹം നേതൃത്വത്തിന് മുന്നില്‍ വച്ച നിബന്ധനകള്‍ ഇതിന് തടസ്സമായി എന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുവാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ തനിക്ക് താല്പര്യമുള്ള വ്യക്തിയെ മുഖ്യമന്ത്രിയാക്കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ നേതൃത്വം തയ്യാറായില്ല.

അതേസമയം കോണ്‍ഗ്രസില്‍ ശശി തരൂരിന് പിന്തുണ കൂടിവരുകയാണ്. ഇതും കോണ്‍ഗ്രസ് നേതൃത്വത്തെ മാറി ചിന്തിക്കുവാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ മത്സരിച്ചാല്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് തരൂര്‍ മുമ്പ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലുള്ള പ്രതിസന്ധി മറികടക്കുവാന്‍ രാഹുല്‍ മത്സരിക്കുക മാത്രമാണ് പരിഹാരമെന്ന് കോണ്‍ഗ്രസ് നേതത്വം വിശ്വസിക്കുന്നു.

രാഹുലുമായി ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ രാം ലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുവനാണ് തീരുമാനം.