മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ്
സിസിടിവിയിൽ നിന്ന് പോലീസ് കണ്ടെടുത്തത്.

കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ കഴമ്പില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുത്തച്ഛനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛൻ നിപരാധിയാണെന്ന് തെളിഞ്ഞത്.

പിന്നാലെ മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. അമ്മൂമ്മയുടെ കൈയിൽ നിന്ന് ചായപ്പാത്രം തെന്നി വീണാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് വിവരം. കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെ പാത്രം തെന്നിവീണു. ഇക്കാര്യം അമ്മൂമ്മ സമ്മതിച്ചിട്ടുണ്ട്. ഈ സമയം മുത്തച്ഛൻ ബസ് സ്റ്റോപ്പിലായിരുന്നു.