പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ, അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത

ഗര്‍ഭിണിയായ ഭാര്യയെ നാട്ടില്‍ എത്തിക്കാനായി സുപ്രീംകോടതിയെ വരെ സമീപിച്ച ആളായിരുന്നു നിഥിന്‍. ഭാര്യ ആതിര കുഞ്ഞിന് ജന്മം നല്‍കാനിരിക്കെ പ്രവാസ ലോകത്ത് കുഞ്ഞിനെ ഒരു നോക്ക് കാണുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് നിഥിന്‍. ഉറക്കത്തില്‍ ഉണ്ടായ ഹൃദയാഘാതമാണ് നിഥിന്റെ മരണ കാരണം. ഇപ്പോള്‍ നിഥിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഐപ്പ് വള്ളിക്കാടന്‍.

ഐപ്പ് വള്ളിക്കാടന്റെ ഫേസ്ബുക്ക് കുറിപ്പ്;

ഭാര്യയുടെ സുഖപ്രസവത്തിന് വേണ്ടി പരമോന്നത കോടതി വരെ പോയി വാദിച്ചാണ് അവന്‍ തന്റെ പ്രിയതമയെ ഈ കഴിഞ്ഞ മെയ് ഏഴിന് പ്രഥമ വന്ദേഭാരത് വിമാനത്തില്‍ നാട്ടിലേയ്ക്കയച്ചത്. ആതിരയെ പ്രതി രണ്ട് പേര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള പണവും ഇന്‍കാസ് യൂത്ത് വിങ് വഴി സമ്മാനമായി നല്‍കി.

ആറ് ദിവസം മുമ്പാണ് നിതിന്‍ ചന്ദ്രനെന്ന സ്‌നേഹമയനായ ചെറുപ്പക്കാരന്‍ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. ആദ്യത്തെ കണ്‍മണിയെ വാരിപ്പുണരാതെ ഉമ്മവെക്കാതെ അവന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നിശബ്ദമായി ജീവിതത്തില്‍ നിന്നും വിടവാങ്ങി.അവന്‍ പോലും അറിയാതെ ആ ഹൃദയം നിലച്ചു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നിതിനെയും ആതിരയെയും പരിചയമുള്ള ആളുകള്‍ക്കും നെഞ്ചിടിപ്പ് നിയന്ത്രിക്കാനായിട്ടില്ല…അത്രമേല്‍ അവന്‍ പ്രിയപ്പെട്ടവനായിരുന്നു. നിറവയറുമായി നാട്ടിലുള്ള നിതിന്റെ സ്വന്തം ആതിരയുടെ സങ്കടം എന്റെ ദൈവമേ. നിതിന്റെ ശ്വാസം നിലച്ചതറിയാതെ എല്ലാ ബന്ധങ്ങളില്‍ നിന്നും അവളെ വിച്ഛേദിച്ച് ആശുപത്രിയിലാക്കിയിരിക്കുകയാണ്. പ്രസവിക്കും വരെ അവളിത് അറിയാതിരിക്കട്ടെ…കാരണം അനേകം പ്രസവവേദനകളേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്റെ വിയോഗ വാര്‍ത്ത.