രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു- ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ഇപ്പോളിതാ താൻ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് പറയുകയാണ് ജ​ഗദീഷ്.

താൻ രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്ന് നടൻ ജഗദീഷ്. ഭാരത്ജോഡോ യാത്ര കോൺഗ്രസ് പാർട്ടിയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്താടാണ് താരം പ്രതികരിച്ചത്.

രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും താൻ വിച്ഛേദിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര എന്നല്ല, ഏത് യാത്രയായാലും ശരി, ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാൾ മികച്ച ജീവിതം ആർക്ക് കൊടുക്കാൻ കഴിയുന്നോ അവരായിരിക്കും ഭരിക്കുക.വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിലായിക്കോട്ടെ, തൊഴിലില്ലായ്മയുടെ കാര്യത്തിലായിക്കോട്ടെ, വ്യവസായത്തിന്റെ കാര്യത്തിലാകട്ടെ, ആരാണോ മികച്ചൊരു ഭാവി ഉറപ്പ് തരുന്നത് അവർ അധികാരത്തിൽ വരും. യാത്ര നടത്തി, അതെങ്ങനെ ആണെങ്കിലും ജനങ്ങൾക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാൽ വോട്ട് ചെയ്യും.

അവർ വോട്ട് ചെയ്താൽ അതാണ് ഫൈനൽ വിധി. ഒരു യാത്രയുടെ ഇംപാക്ടിന് അപ്പുറം നമ്മൾ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ പലരും ഭരിച്ചു. നല്ലൊരു ഭാവിക്കുള്ള പദ്ധതികൾ മുന്നോട്ട് വയ്ക്കുക, അതിന്റെ നടപ്പാക്കലിന് കെൽപുണ്ടെന്ന് ജനങ്ങൾക്ക് ഉറപ്പ് തരിക.അവർ അധികാരത്തിലേക്ക് വരും എന്നാണ് ജഗദീഷ് പറയുന്നത്. ‘പുരുഷ പ്രേതം’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്.