താലിബാനെ ആര്‍എസ്‌എസുമായി താരതമ്യം ചെയ്ത ജാവേദ് അഖ്തര്‍ ‍മാപ്പുപറയണമെന്ന് ബിജെപി;

ന്യൂദല്‍ഹി: താലിബാനെ ആര്‍എസ്‌എസുമായി താരതമ്യം ചെയ്ത് ബോളിവുഡ് ഗാനരചയിതാവും കവിയുമായ ജാവേദ് അഖ്തര്‍ മാപ്പുപറയണമെന്ന് ബിജെപി. ഈ പ്രസ്താവനയില്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി നേതാവും മഹാരാഷ്ട്രയില്‍ എംഎല്‍എയുമായ രാം കാദം ആവശ്യപ്പെട്ടു.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്‌എസ് ഇസ്ലാം രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താലിബാന് തുല്ല്യമാണെന്നായിരുന്നു ജാവേദ് അഖ്തറുടെ വിവാദപ്രസ്താവന. മാപ്പ് പറയാത്തിടത്തോളം ജാവേദ് അഖ്തറുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദര്‍ശനം അനുവദിക്കില്ലെന്നും രാം കാദം അഭിപ്രായപ്പെട്ടു.

‘സംഘത്തിലെ കുടുംബാംഗങ്ങളാണ് രാജ്യം ഭരിക്കുന്നതും രാജധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യുന്നതെന്ന കാര്യം മറക്കരുത്. താലിബാന്‍റെതായ മനോഘടനയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇങ്ങിനെ പറയാന്‍ കഴിയൂ. ‘- രാം കാദം പറയുന്നു.

ബിജെപിയെ നിരന്തരം വിമര്‍ശിക്കുന്ന ജാവേദ് അഖ്തര്‍ ഈയിടെ ബിജെപി അനുകൂലിക്കുന്ന നടി കങ്കണ റണാവത്തിനെതിരെ കേസ് നല്‍കിയിരുന്നു.