ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയില്‍ വീണത് അമ്മ, ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എന്നാല്‍ മകന്‍ കാളിദാസ് ജയറാം മലയാളം തമിഴ് ചിത്രങ്ങളില്‍ നായകനായി തിളങ്ങുകയാണ്. ഒരു പരസ്യ ചിത്രത്തില്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റില്‍ സംഭവിച്ച വേറിട്ട ഒരു അനുഭവ കഥ പങ്കു വയ്ക്കുകയാണ് ജയറാം. ലൊക്കേഷനില്‍ വച്ച് ശോഭനയെ ആരോ പേടിപ്പിക്കാന്‍ ചെയ്ത സംഭവം തന്നിലേക്ക് വന്ന തെറ്റിദ്ധാരണയുടെ കഥയാണ് ജയറാം ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.

ജയറാമിന്റെ വാക്കുകളിങ്ങനെ, ‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റില്‍ നടന്ന ഒരു സംഭവമുണ്ട്. കൂര്‍ഗ് എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ നല്ല തണുപ്പായിരുന്നു. ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാന്‍ വേണുവും, സുരേഷുമൊക്കെ രാത്രിയില്‍ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു മുണ്ട് എടുത്ത് തലയില്‍ കെട്ടി. നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാന്‍ വേണു മുണ്ടിന് മുകളില്‍ക്കൂടി ഒരു ഗ്ലാസ് എന്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോള്‍ മറ്റൊരാള്‍ക്ക് എന്നെ കണ്ടാല്‍ പേടിക്കുന്ന രൂപമായിട്ട് തോന്നും. ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമില്‍ ഉറങ്ങാന്‍ പോയി. പിറ്റേ ദിവസം എഴുന്നേല്‍ക്കുമ്പോള്‍ എന്തോ കാര്യമായ പ്രശ്‌നം സംഭവിച്ചു എന്ന് മനസ്സിലായി.

ശോഭനയുടെ മുറിയിലേക്ക് ആളുകള്‍ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാല്‍ തലേന്ന് ഞാന്‍ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തില്‍ ആരോ ശോഭനയുടെ റൂമിന്റെ വാതില്‍ മുട്ടിയെന്ന്. വാതില്‍ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതല്‍ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായില്‍ നിന്ന് പുകയും വിട്ടു.

ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയില്‍ വീണത് അമ്മയാണ്. ഞാന്‍ അമ്മയെ കാണാന്‍ റൂമില്‍ ചെന്നപ്പോള്‍ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു. തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാന്‍ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല. ആ ക്യാമറമാന്‍ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’.