സജനയ്ക്ക് സാമ്പത്തിക സഹായവുമായി ജയസൂര്യ,ബിരിയാണി കട തുടങ്ങാൻ പണം നൽകും

കേരളത്തിന് മുന്നിൽ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാൻസ്‌ജെന്റർ യുവതി സജ്ന ഷാജിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് ഇവർ ജീവിക്കുന്നത് എന്നും ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നും പരാതി പറഞ്ഞാണ് നിറകണ്ണുകളോടെ സജ്‌ന സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.ഇതിന് പിന്നാലെ നിരവധി ആളുകളാണ് സജ്‌നക്ക് പിന്തുണയുമായെത്തിയത്

സജനയ്ക്ക് ബിരിയാണി കട തുടങ്ങാൻ വേണ്ട സാമ്പത്തികസഹായം നൽകുമെന്ന് ജയസൂര്യ പറഞ്ഞു.വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്ന ഷാജിയും മറ്റ് നാലുപേരും ജീവിക്കുന്നത്.തങ്ങൾ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാൻ മറ്റു മാർഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവർ പറയുന്നത്.ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച്‌ ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ പറയുന്നു.150 ബിരിയാണിയും 20ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്.ആകെ വിറ്റത് 20ബിരിയാണി മാത്രമാണ്.ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്?കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നിൽക്കുന്നവർ

ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്,സജന പറയുന്നു.പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങൾക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവർ പറയുന്നു.ഫഹദും നസ്രിയയുമടക്കമുള്ള താരങ്ങൾ വീഡിയോ ഷെയർ ചെയ്ത് പിന്തുണ അറിയിച്ചിരുന്നു