സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനും സിദ്ധീക്കിനെ ആശ്വസിപ്പിക്കാനുമായി മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം വീട്ടിലെത്തിയിരുന്നു.

എന്നാല് മരണ വീട്ടിലെ ഓൺലൈൻ മീഡിയയുടെ കടന്നു കയറ്റം കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മരണവീട്ടിലേക്ക് വരുന്ന താരങ്ങളെ പിന്തുടർന്ന് ഷൂട്ട് ചെയ്തും മറ്റും സ്വകാര്യതയിലേക്ക് കടന്നു കയറുകയായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ എന്നാണ് വിമർശനം. . ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ജസ്ലാ മാടശ്ശേരി.

മനുഷ്യന്റെ സ്വകാര്യതയ്ക്ക് യാതൊരു ഇടവുമില്ലാത്ത ഒരിടമായി മാറുന്നുണ്ട് നമ്മുടെ നാട്. ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. വീടിനുള്ളിലെ സ്വകാര്യതയിലേക്ക് പോലും യാതൊരു മനുഷ്യത്വവുമില്ലാതെ കടന്നു ചെല്ലുന്ന മരണമെന്ന വേർപാടിന്റെ വേദന കരഞ്ഞു പോലും തീർക്കാൻ അനുവദിക്കാത്ത ക്രൂരത വളരെ മോശമാണ്.ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതാവർത്തിച്ചു കൊണ്ടേയിരിക്കുന്നു. മരണവീട്ടിൽ കാമറ തൂക്കി ചെന്ന് ആരൊക്കെ കരയുന്നു. കരച്ചിലിന്റെ ആഴം. അവിടെയാരോക്കെ വരുന്നു. അവരുടെ എക്‌സ്പ്രഷൻ, വസ്ത്രത്തിന്റെ മോഡൽ, നിറം തുടങ്ങി ഒരു മനുഷ്യന്റെ എല്ലാ വ്യക്തിപരമായ സ്വകാര്യതകളിലേക്കും ഇടിച്ചു കേറി വീഡിയോ എടുത്തു ചാനലിൽ ഇട്ട് റീച്ചുണ്ടാക്കി വരുമാനമാക്കി വിഴുങ്ങാൻ നാണം തോന്നുന്നില്ലേ ഓൺലൈൻ മാധ്യമങ്ങൾക്ക്?

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും രക്തവുമൊക്കെ ഉള്ള വികാരങ്ങളുള്ള മനുഷ്യനാണ്. കണ്ണ് നിറയ്ക്കാനെങ്കിലും അനുവദിക്കുക. സർക്കാർ നിയന്ത്രണം കൊണ്ടുവരാതെ സംസ്‌കാരമില്ലാത്ത ഓൺലൈൻ ചാനലുകൾ ഇത് നിർത്തില്ല. നടൻ സിദ്ധിക്കാടെ മകന്റെ മരണവീട്ടിൽ ഓൺലൈൻ മാധ്യമങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ആറാടുന്നത് കാണുമ്പോൾ അറപ്പ് തോന്നുന്നു.