തന്റെ ഇ മെയിലിലേക്ക് ആരും ദൃശ്യം 3ന്റെ കഥ അയക്കേണ്ട, ആ വാര്‍ത്തകള്‍ വ്യാജമെന്ന് ജീത്തു ജോസഫ്

ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം വന്‍ ഹിറ്റ് ആയതോടെ ദൃശ്യം 3ന്റെ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ തുടങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ദൃശ്യം 3ന്റെ കഥ എഴുതി അയക്കാന്‍ ആരാധകരോട് സംവിധായകന്‍ ജീത്തു ജോസഫ് ആവശ്യപ്പെട്ടുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വെറും വ്യാജമാണെന്ന് പറയുകയാണ് ജീത്തു ജോസഫ്.

ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ടെന്നും നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ജീത്തു ജോസഫ് പറയുന്നു. കൂടാതെ ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം.

‘കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഒരു ഇ മെയില്‍ ഐഡി പ്രചരിക്കുന്നുണ്ട്. അതിലേക്ക് ദൃശ്യം 3ന്റെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ഇ മെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തില്‍ ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്. ജിത്തു ജോസഫ് പറഞ്ഞു.

ദൃശ്യം 3 ന്റെ പേരില്‍ വരുന്ന കഥകള്‍ താന്‍ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത് എന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ആ ഇ മെയില്‍ ഐഡി ഇപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അപ്പൊ ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും കാണുകയാണെങ്കില്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് ഓര്‍മിക്കണമെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു.