പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു, ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍

മുംബൈ. ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്ന് ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പ്രത്യേക കോടതിയില്‍ നരേഷ് ഗോയല്‍ വീകാരാധീനനായി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വായ്പാത്തട്ടിപ്പുകേസിലാണ് നരേഷ് ഗോയല്‍ ജയിലില്‍ കഴിയുന്നത്.

തന്റെ ആരോഗ്യനില വളരെ അപകടകരമാണ്. കാന്‍സര്‍ രോഗിയാണ് ഭാര്യ, ഏക മകളുടെ അവസ്ഥയും മോശമാണെന്ന് നരേഷ് ഗോയല്‍. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവെച്ചു. വേദന കൊണ്ട് മടക്കാന്‍ സാധിക്കുന്നില്ലെന്നും മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടെന്നും നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു.

കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നരേഷ് ഗോയലിനെ പിടികൂടിയത്. നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ് നരേഷ് ഗോയല്‍. അതേസമയം സംസാരിക്കുമ്പോള്‍ നരേഷ് ഗോയലിന്റെ ദേഹം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു വെന്നും ജഡ്ജി കോടതി രേഖയില്‍ കുറിച്ചു. ആവശ്യമായ ചികിത്സ സൗകര്യം ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.