യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്; കള്ളവോട്ട് ആരോപിച്ച് ട്രംപ്

ഏറെ നാടകീയതകള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ലീഡ് ചെയ്യുന്നു. 264 ഇലക്ടറല്‍ വോട്ടാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 270 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം മതിയെന്നിരിക്കെ ജോ ബൈഡന്‍ വിജയത്തിന്റെ തൊട്ടുസമീപത്താണ്.

റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറല്‍ വോട്ടുകളാണ്. പെന്‍സില്‍വേനിയ (20 ഇലക്ടറല്‍ കോളജ് സീറ്റുകള്‍), ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15) എന്നിവിടങ്ങളില്‍ മുന്നിലാണ്. അലാസ്‌ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേര്‍ന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല. ബൈഡന്‍ സ്വന്തമാക്കിയ വിസ്‌കോന്‍സെനില്‍ (10) ട്രംപ് പക്ഷം വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്.

നാല് സ്വിംഗ് സ്‌റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങള്‍ നിര്‍ണായകമാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിന് നേരിയ മുന്‍തൂക്കമുണ്ട്. നെവാഡ നിലനിര്‍ത്തിയാല്‍ ജോ ബൈഡന് വിജയം ഉറപ്പിക്കാമെന്നാണ് വിലയിരുത്തല്‍. ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.

അതിനിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് താന്‍ വിജയിച്ചുവെന്നുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം സ്വന്തം കക്ഷിനേതാക്കളെ വരെ ഞെട്ടിച്ചിരുന്നു. വോട്ടെണ്ണാന്‍ തുടങ്ങിയപ്പോള്‍ ബൈഡന്റെ മുന്നേറ്റമാണു കണ്ടത്. പിന്നാലെ ട്രംപ് കുതിച്ചുകയറി. 29 ഇലക്ടറല്‍ വോട്ടുകളുള്ള നിര്‍ണായക സംസ്ഥാനമായ ഫ്‌ലോറിഡ ട്രംപിനൊപ്പം നിന്നു. ടെക്‌സസും ഒഹായോയും പിടിച്ചതോടെ ട്രംപ് 2016 ലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീതിയായി. ഇതോടെയാണ് ട്രംപ് വിജയാഹഌദം മുഴക്കിയത്. എന്നാല്‍, മിഷിഗനിലും വിസ്‌കോന്‍സെനിലും ബൈഡന് അപ്രതീക്ഷിത മുന്നേറ്റമാണു ലഭിച്ചത്.

ബൈഡന്‍ മുന്നിലെത്തി എന്ന് കണ്ടതോടെ കള്ളവോട്ട് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് കോടതിയെ സമീപിച്ചു. പെന്‍സില്‍വാനിയയിലെ വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. മിശിഗണ്‍ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും വോട്ടെണ്ണല്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണണമെന്നും ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അടിയന്തര ഹര്‍ജിയുമായി ജോര്‍ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ബൈഡന്‍ ജയിച്ച വിസ്‌കോന്‍സെനില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളില്‍ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോള്‍ ഓരോ സ്‌റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറല്‍ കോളജ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതനുസരിച്ച് ഓരോ സ്‌റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടര്‍മാരെ ലഭിക്കും. യുഎസിലെ 50 സ്‌റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടന്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറല്‍ വോട്ടുകള്‍ ചേര്‍ന്നതാണ് ഇലക്ടറര്‍ കോളജ്

ഇന്ത്യയുടെ പാര്‍ലമെന്റിനു സമാനമായി യുഎസില്‍ കോണ്‍ഗ്രസ് ആണ്. ലോക്‌സഭയും രാജ്യസഭയും പോലെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും നവംബര്‍ മൂന്നിനാണ്. 270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. നവംബര്‍ മൂന്നിനാണ് പ്രധാന തിരഞ്ഞെടുപ്പ്.