വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് കാലിന് പരുക്ക്

വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരുക്കേറ്റു. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. 78കാരനായ ബൈഡന് ശനിയാഴ്ചയാണ് കാലിന് പരുക്കേറ്റത്. ഞായറാഴ്ച അദ്ദേഹം അസ്ഥിരോഗ വിദഗ്ദനെ സന്ദര്‍ശിച്ച് എക്‌സറേയ്ക്കും സ്ടി സ്‌കാനിംഗിനും വിധേയനായി.

പ്രാരംഭ എക്‌സ്‌റേയില്‍ വ്യക്തമായ ഒടിവുകള്‍ ഒന്നും കാണിച്ചിരുന്നില്ല. എന്നാല്‍ ഞായറാഴ്ച നടത്തിയ സ്‌കാനിംഗില്‍ എല്ലിന് ചെറിയ പൊട്ടലുള്ളതായി കണ്ടെത്തി.
കൂടുതല്‍ വിശദമായ സിടി സ്‌കാന്‍ ചെയ്യാന്‍ മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചതനുസരിച്ച് നടത്തിയ സ്‌കാനിംഗിലാണ് വലതു കാലിന്റെ മധ്യത്തില്‍ രണ്ട് ചെറിയ അസ്ഥികള്‍ക്ക് ഒടിവുകള്‍ കണ്ടെത്തിയതെന്ന് ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന്‍ ഒ കോണര്‍ പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തിന് ആഴ്ചകളോളം ബൂട്ട് ധരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ കെവിന്‍ ഒ കോണര്‍ പറഞ്ഞു.

മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ജോ ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലാണ് ചാമ്പിനെ ബൈഡന്‍ വാങ്ങിയത്. ഈ രണ്ട് നായകളേയും വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു പൂച്ചയെക്കൂടി കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബൈഡന്‍ ഞായറാഴ്ച ഡോക്ടറെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. പിന്നീട് സിടി സ്‌കാനിനായി ഡോക്ടറുടെ ഓഫീസില്‍ നിന്ന് സ്‌കാനിംഗ് സെന്ററിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളില്‍ ബൈഡന്‍ ആരോഗ്യവാനായിരുന്നു. ക്രച്ചസോ മറ്റ് സഹായങ്ങളോ ഇല്ലാതെയാണ് അദ്ദേഹം നടന്നിരുന്നത്.