ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിവസം രണ്ട് ആടുകളെ കൊന്ന് രക്തം ബാനറിൽ ഒഴുക്കി ആഘോഷം, 9 ആരാധകർ അറസ്റ്റിലായി

തെലുങ്ക് താരം ജൂനിയർ എൻടിആറിന്റെ ബാനറിൽ ആടുകളെ കൊന്ന് രക്താഭിഷേകം നടത്തിയ ഒമ്പത് ആരാധകർ അറസ്റ്റിലായി. കർണാടകയിലെ റോബർട്ട്സോൻപേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താരത്തിന്റെ പിറന്നാൾ ദിവസമാണ് ആരാധകരുടെ അതിരുവിട്ട ആഘോഷം നടന്നത്.

മെയ് 20 നായിരുന്നു തെലുങ്ക് താരം ജൂനിയർ എൻടിആറിന്റെ 40ാം പിറന്നാൾ. തിയേറ്ററിനു മുന്നിൽ ആഘോഷത്തിനായി എത്തിയ ആരാധകർ രണ്ട് ആടുകളെ കൊന്ന് രക്തം ജൂനിയർ എൻടിആറിന്റെ ബാനറിലേക്ക് ഒഴുകുകയായിരുന്നു എന്ന് ഗ്രേറ്റ് ആന്ധ്ര ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിൽ ജൂനിയർ എൻടിആറിന്റെ ആരാധകരായ പി ശിവ നാഗരാജു, കെ സായ്, ഡി നാഗ ഭൂഷണം, വി സായ്, പി നാഗേശ്വര റാവു, വൈ ധരണി, പി ശിവ, അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. മെയ് 20 ന് ശിവ നാഗരാജുവും സുഹൃത്തുക്കളും ശ്രീ കൃഷ്ണ, ശ്രീ വെങ്കട തിയേറ്ററിൽ ജൂനിയർ എൻടിആറിന്റെ പിറന്നാൾ ആഘോഷിക്കാനെത്തി. ഇവിടെ വെച്ച് ആടിനെ കൊന്ന് രക്തം ബാനറിൽ ഒഴുകുകയായിരുന്നു.

കൊല്ലാൻ ഉപയോഗിച്ച ആയുധവും കൊന്ന ആടുകളേയും തിയേറ്ററിന് മുന്നിൽ തന്നെ ഉപേക്ഷിച്ചാണ് പ്രതികൾ കടന്നു കളയുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ തിയേറ്ററിന് തീപിടിച്ച സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പിറന്നാൾ ദിവസം ജൂനിയർ എൻടിആറിന്റെ സിംഹാദ്രി എന്ന ചിത്രം വിജയവാഡയിലെ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോഴായിരുന്നു സംഭവം നടക്കുന്നത്. ആരാധകർ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിൽ തീപിടിച്ചു. തിയേറ്ററിനുള്ളിൽ നിരവധി കസേരകൾ അഗ്നിക്കിരയായി. സംഭവത്തിൽ ആളപായമില്ല.