സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു.

മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് കളക്ടറുടെ നിർദ്ദേശം.