മരുമകന്‍ എന്ന പ്രത്യേക ക്വാട്ട മുഹമ്മദ് റിയാസിന്‌; സിപിഐഎമ്മിന്റെ വനിതാനയത്തിലെ പൊള്ളത്തരം പുറത്തായി: കെ.സുധാകരന്‍

വനിതകളോടുള്ള സിപിഐഎമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളാണ് സിപിഐഎമ്മില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. വനിതാസഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നല്‍കിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സിപിഎമ്മിലെ മറ്റു നേതാക്കള്‍ക്ക് കിട്ടാത്ത പരിഗണനയാണ് ലഭിക്കുന്നത്. മരുമകന്‍ എന്ന പ്രത്യേക ക്വാട്ടയിലാണ് മുഹമ്മദ് റിയാസ് 17 അംഗ സെക്രട്ടേറിയറ്റിലെത്തിയത്. കണ്ണൂരിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ഖാദിബോര്‍ഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സര്‍ക്കാര്‍ നല്‍കിയത്. പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യമാണ് സമ്മേളനത്തില്‍ കണ്ടത്. എതിര്‍ശബ്ദം ഉയര്‍ത്തിയവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരന്‍ പറഞ്ഞു. ഇതൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി.ശശിയെ പോലുള്ളവരുടെ സിപിഐഎം സംസ്ഥാന സമിതിയിലെ സാന്നിധ്യം. പി.കെ.ശശി, ഗോപി കോട്ടമുറിക്കല്‍, പി.എന്‍.ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് സുധാകരന്‍ പരിഹസിച്ചു.