കോൺഗ്രസിൽ ആന്റണിയുടെ മകൻ എന്നതിനപ്പുറം അനിൽ ആരുമല്ലെന്ന് കെ സുധാകരൻ

കണ്ണൂര്‍. അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്നത്തെ ദിവസം ചതിയുടെയും വഞ്ചനയുടെയും ദിവസമാണെന്നും ആ ദിവസത്തില്‍ ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ എകെ ആന്റണിയുടെ മകന്‍ എന്നതില്‍ അപ്പുറം അനില്‍ അരുമല്ലെന്നും ഒരു ഉത്തരവാദിത്വവും ആരും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടതോടെ സ്വന്തം പിതാവിനെയാണ് അനില്‍ ആന്റണി ഒറ്റിക്കൊടുത്തതെന്നും. കോണ്‍ഗ്രസിന് വേണ്ടി കൊടി കുത്തിയിട്ടില്ല, പോസ്റ്റര് ഒട്ടിച്ചിട്ടില്ല, സിന്ദാബാദ് വിളിച്ചിട്ടില്ല, ജാഥ സംഘടിപ്പിച്ചിട്ടില്ല സമരം ചെയ്തിട്ടില്ല ആന്റണിയുടെ മകന്‍ എന്നതില്‍ അപ്പുറം അനില്‍ ഒന്നുമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയവര്‍ അന്ത്യനാള്‍ പ്രതീക്ഷിച്ച് ശവപ്പറമ്പില്‍ കിടക്കുകയാണ്. ആന്റണിയുടെ കുടുംബത്തില്‍ നിന്ന് ഒരാളെ ബിജെപിയില്‍ എത്തിച്ചാല്‍ രാജ്യം പിടിച്ചെടുക്കാമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്.