കെ സുന്ദര മത്സരിക്കുന്നില്ല, കെ സുരേന്ദ്രന് ഇനി ധൈര്യത്തോടെ മത്സരിക്കാം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനും ബി എസ് പി സ്ഥാനാര്‍ഥിയുമായ കെസുന്ദര പത്രിക പിന്‍വലിച്ചു. 2016ല്‍ കെ സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ സുന്ദര 467 വോടുകള്‍ നേടിയിരുന്നു. ഇത് കെ സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണായകമായി. വെറും 89 വോടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രന്‍ മുസ്ലീം ലീഗിന്റെ പി ബി അബ്ദുര്‍ റസാഖിനോട് പരാജയപ്പെട്ടത്.

ഇനി ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശബരിമല സമര നായകനായ സുരേന്ദ്രനെതിരെ ഇനി മത്സരിക്കില്ലെന്നും പത്രിക പിന്‍വലിച്ച ശേഷം കെ സുന്ദര വ്യക്തമാക്കി. 2016 ല്‍ കെ സുന്ദരയ്ക്ക് ലഭിച്ച 467 വോടുകളാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയതെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെയാണ് ഐസ്‌ക്രീം ചിഹ്നത്തില്‍ മത്സരിച്ച കെ സുന്ദര 467 വോട്ടുകള്‍ നേടിയത്.