സി.പി.എം പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോകണം, അണികള്‍ ബി.ജെ.പിയിലേക്ക് വന്നോട്ടെ -കെ. സുരേന്ദ്രന്‍

തൃശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം തന്നെ പ്രായോഗികമല്ലെന്ന് നേതൃത്വം തുറന്നുപറഞ്ഞ സാഹചര്യത്തില്‍ സി.പി.എം പിരിച്ച്‌ വിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോകട്ടെ, അണികള്‍ ബി.ജെ.പിയിലേക്കോ ദേശീയ പ്രസ്ഥാനങ്ങളിലേക്കോ വന്നോട്ടേയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്നും വിശ്വാസികളെ അംഗീകരിച്ച്‌ മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തങ്ങളുടെ അടിസ്ഥാന ആശയം ആരും അംഗീകരിക്കുന്നതല്ലെന്ന് സി.പി.എം തുറന്നുപറഞ്ഞിരിക്കുകയാണ്. ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവര്‍ പരാജയപ്പെട്ടത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യം അടുത്തുവെന്നതിന്‍റെ തെളിവാണ് എം.വി. ഗോവിന്ദന്‍റെ പ്രസ്താവന. ആശയപരമായി നിലനില്‍പ്പില്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് പിന്തുണ ലഭിക്കുകയെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

സര്‍വത്ര അനധികൃത നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. യോഗ്യതയില്ലാത്തവരെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോലും നിയമിക്കുന്നത്. ഇനിയൊരു എല്‍.ഡി.എഫ് സര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പരമാവധി ആശ്രിതരെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.