സർക്കാർ കിറ്റെക്‌സിനോട് രാഷ്ട്രീയ പ്രതികാരം തീർക്കുന്നു; കെ. സുരേന്ദ്രൻ

കേരളത്തിൽ കിറ്റെക്‌സിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിറ്റെക്‌സിനോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും സർക്കാർ നടപടികൾ മൂലമാണ് കിറ്റെക്‌സു പിന്മാറുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 35,000 ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന തരത്തിൽ സർക്കാർ ദുരഭിമാനം കാണിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണ്. അതിനുള്ള കാരണം എല്ലാവർക്കും അറിയാം. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടാകുമെന്ന് കരുതിയാണ് ഈ പ്രതികാര നടപടി. സർക്കാർ കേരളത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നു കെ. സുരേന്ദ്രൻ പറഞ്ഞു.

കിറ്റെക്‌സ് അധികൃതരെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു.