കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. ജനവിധി അംഗീകരിച്ച് കര്‍ണാടകത്തില്‍ ബിജെപി ക്രിയത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇലട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്.

കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തുലുള്ള വിശ്വാസം തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് കുറഞ്ഞെങ്കിലും വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. എന്നാല്‍ ജെഡിഎസിന് 18 ശതമാനം ഉണ്ടായിരുന്ന വോട്ട് 13 ശതമാനമായി കുറഞ്ഞു.

എസ്ഡിപിഐയുടെയും ജെഡിഎസിന്റെയും വോട്ട് കിട്ടിയതാണ് കോണ്‍ഗ്രസിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സംവരണവും പിഎഫ്‌ഐ പ്രീണനവും ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞടുപ്പ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.