പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസിന് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രന്‍

കൊച്ചി. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപ്പോള്‍ സിപിഎം മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയിരിക്കുന്നത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വികസനം നടക്കണമെങ്കില്‍ മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമെ സാധിക്കുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും എല്‍ഡിഎഫും യുഡിഎഫും ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മതന്യൂനപക്ഷങ്ങളെ വെറും വോട്ട് ബാങ്കായിമാത്രമാണ് കാണുന്നത്. മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണെന്ന് ഇരുമുന്നണികളും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍തന്നെ ഇരുമുന്നണികളും ഭയപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.