ആറാം വയസില്‍ നഷ്ടമായ മകള്‍ ഇനി തിരികെ വരില്ലെന്ന് കരുതി, 17 വര്‍ഷങ്ങള്‍ക്കിപ്പുറം തിരികെ എത്തി

വയനാട്: അവള്‍ വാഹനത്തില്‍ നിന്നുമിറങ്ങി ചെറു ചാറ്റമഴയില്‍ അടുത്തേക്ക് എത്തിയപ്പോള്‍ കാളിയടെ മനസ് നിറഞ്ഞ് കണ്ണുകളിലൂടെ ഒഴുകി. താന്‍ പ്രസവിച്ച് ആറ് വയസ്സുവരെ പൊന്ന് പോലെ നോക്കിയ മകളാണ് ആ വരുന്നത്. അതും 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച. നീര്‍വാരം അമ്മാനി പുലയന്‍മൂല കോളനിയിലെ കാളിയുടെ 3 മക്കളില്‍ ഒരുവളാണ് പ്രിയ. പ്രിയയ്ക്ക് ആറ് വയസ്സുള്ളപ്പോള്‍ 17 വര്‍ഷം മുമ്പ് അവളെയും കൂട്ടി കാളിയുടെ ഭര്‍ത്താവ് പികെ സുരേഷ് നാടുവിട്ടു. ഭര്‍ത്താവ് മകളെയും കൂട്ടി എവിടെ പോയി എന്നറിയാതെ കാളി രാവും പകലും അലഞ്ഞു.

വണ്ടൂരിലെ ബാലസദനത്തില്‍ കുട്ടിയെ ആക്കിയ ശേഷം സുരേഷ് മുങ്ങുകയായിരുന്നു. ബാലസദനത്തില്‍ നിന്നും പ്രിയ പഠിച്ചു. അടുത്തിടെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറി. ഇതിനിടെ യാദൃച്ഛികമായി വണ്ടൂര്‍ മുന്‍ പഞ്ചായത്തംഗവും ആശവര്‍ക്കറുമായ വി രജനിയെ പ്രിയ കാണുകയും തന്റെ ജീവിതം വിവരിക്കുകയും ചെയ്തു. തന്റെ അമ്മയും സഹോദരങ്ങളും വയനാട് പരമരത്ത് വനാതിര്‍ത്തിയില്‍ എവിടെയോ ആണെന്നും പ്രിയ പറഞ്ഞു.

രജനി ഇക്കാര്യം തന്റെ ബന്ധുവും താളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ഇ.പി. വിനോദിനോട് പറഞ്ഞു. മാത്രമല്ല പ്രിയയുടെ അമ്മയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിനോദ് അഞ്ചുകുന്ന് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായ രാഹുല്‍ രാജിനെയും പനമരം പഞ്ചായത്തംഗമായ വി.സി അജിത്തിനെയും വിവരം അറിയിച്ചു.

പനമരം പഞ്ചായത്തംഗങ്ങളായ കാഞ്ഞിരത്തിങ്കല്‍ ഷിബു, കല്യാണി എന്നിവരുടെ സഹായത്തോടെ പ്രിയയുടെ വീടും വീട്ടുകാരെയും ഒടുവില്‍ കണ്ടെത്തി. തുടര്‍ന്നാണു പ്രിയയും മറ്റും 13ന് വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. തുടര്‍പഠനത്തിനായി പ്രിയ വണ്ടൂരിലേക്ക് തന്നെ മടങ്ങി. പി.ജി സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് പ്രിയ.